Clubhouse logo

Niͥcͣeͫ

@unni1010101

805

friends

ഒരിക്കൽ കൂടി നിന്നെ കാണണമെന്നുണ്ടെനിക്ക്.. പുഴക്കരയിൽ വച്ചോ കടൽത്തീരത്ത് വച്ചോ അതുമല്ലെങ്കിൽ നാം പതിവായ് കണ്ടിരുന്ന ആ ദേവീ സന്നിതിയിൽ വെച്ചോ . അമ്പലനടയിൽ വച്ചാണ് നാം കണ്ടുമുട്ടുന്നതെങ്കിൽ എൻ്റെ പ്രണയം പോലെ സുഗന്ധപൂരിതമായ ചന്ദനക്കുറി നിൻ്റെ തൊടുവിരലാൽ എൻ്റെ നെറ്റിയിൽ ചാർത്തണം. അതല്ല കടൽത്തീരത്ത് വച്ചാണ് നമ്മുടെ കൂടിക്കാഴ്ചയെങ്കിൽ കടൽക്കാറ്റേറ്റ് മുഖത്തേക്ക് പാറി വീഴുന്ന എൻ്റെ മുടിയിഴകളെ നിൻ്റെ കൈ കൊണ്ട് മാടിയൊതുക്കണം." നിന്നെപ്പോലെ അനുസരണയില്ലാത്ത തലമുടി" യെന്ന് കളിയാക്കണം. ആ നനഞ്ഞ മണൽത്തരികൾ കൊണ്ട് നമുക്ക് കുഞ്ഞു വീടുണ്ടാക്കണം. പിന്നെ കടലമ്മയെ ശുണ്ഠി പിടിപ്പിക്കണം. കൈകൾ കോർത്ത് പിടിച്ച് കടലിലേക്കിറങ്ങണം , ആർത്തലച്ച് വരുന്ന തിരയിൽ ഉടലാകെ നനയണം... പക്ഷേ ഇതൊന്നും ഇനി സംഭവിക്കുമെന്ന് തോന്നുന്നില്ല നമ്മൾ ആ പഴയ നമ്മളല്ലല്ലോ !! നിന്നെ കാണുന്ന മാത്രയിൽ എൻ്റെ മുഖത്ത് വിരിയുന്ന ഒരായിരം ചോദ്യങ്ങൾക്കുള്ള ഉത്തരം നിൻ്റെ ചുണ്ടിൽ വിരിയുന്ന കള്ളച്ചിരിയിൽ നീയൊതുക്കുമെന്നെനിക്കറിയാം. നുണകളുടെ ചീട്ടു കൊട്ടാരം കെട്ടിപ്പൊക്കാൻ നീ പണ്ടേ മിടുക്കനാണല്ലോ.. !!! കുറേ നേരത്തെ മൗനത്തിനൊടുവിൽ നമ്മൾ മിണ്ടിത്തുടങ്ങും എൻ്റെ കാഴ്ചയെ മറയ്ക്കുന്ന കണ്ണുനീരിനെ നീ കണ്ടില്ലെന്ന് നടിക്കണം. തൊണ്ടയിൽ കുരുങ്ങിയ ഗദ്ഗദങ്ങൾക്കൊടുവിൽ ഞാൻ ഉറപ്പായും നിന്നോടത് ചോദിച്ചിരിക്കും " ഇക്കാലത്തിനിടയിൽ നീ ഒരിക്കലെങ്കിലും നീയെന്നെ സ്നേഹിച്ചിരുന്നോ? ഒരു മാത്രയെങ്കിലും ഓർത്തിരുന്നോ?" അതിൻ്റെ ഉത്തരമായ് നീയിന്നു വരെ പറഞ്ഞതിലെ ഏറ്റവും വലിയ കള്ളം നീ പറയണം " അതെ നിന്നെ ഞാൻ ഒരുപാട് സ്നേഹിച്ചിരുന്നു എപ്പോഴും ഓർത്തിരുന്നു." ഒരിക്കലും നീ സത്യം പറയരുത് ഒരു കൂർത്ത കുപ്പിച്ചില്ലെന്ന പോലെ അതെൻ്റെ ഹ്യദയത്തിൽ തുളച്ച്കയറും ഒരിക്കലും ഉണങ്ങാത്ത മുറിവുണ്ടാക്കും. യാത്ര പറഞ്ഞ് പിരിയുമ്പോൾ എനിക്കാരു കാര്യം നിന്നെയറിയിക്കണം. നിനക്കറിയാവുന്നതും അറിയാത്തതായ് നടിക്കുന്നതുമായ ഒന്ന്. നിന്നെ സ്നേഹിച്ചത് പോലെ മറ്റാരെയും ഞാനിത് വരെ സ്നേഹിച്ചിട്ടില്ല. ഞാൻ സ്നേഹിച്ചതിലും കൂടുതൽ മറ്റാർക്കും നിന്നെ സ്നേഹിക്കാനും കഴിയില്ല.